ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ പ്രമുഖസ്ഥാനം വഹിക്കുന്ന ഒരു ഗ്രാമപഞ്ചായത്താണ് വാഴൂര്‍ ഗ്രാമപഞ്ചായത്ത്. വാഴ്വി-ന്റെ ഊര്-ഐശ്വര്യത്തിന്റെ ഗ്രാമം എന്നര്‍ത്ഥം വാഴൂരിനുണ്ട്. ഒരുകാലത്ത് അദ്ധ്വാനശീലരായ കൃഷിവലന്മാര് ഇവിടുത്തെ വയലുകളില്‍ കരിമ്പുംകാട് വെട്ടിത്തെളിച്ച് മുതിരയും വരകും കൃഷി ചെയ്തിരുന്നു. 500 വര്‍ഷം മുമ്പ് ഈ ദേശവാസികളില്‍ ചിലര്‍ തമിഴ്നാടുമായി വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് അക്കാലത്ത് വ്യാപാരികള്‍ തമിഴ്നാട്ടിലേക്ക് കാല്‍നടയായി യാത്രചെയ്തിരുന്നത്. എ.ഡി. 1330-കളില്‍ നിലയ്ക്കലില്‍ നിന്ന് വാഴൂരിലും കാഞ്ഞിരപ്പള്ളിയിലും ആളുകള്‍ കുടിയേറി പാര്‍ത്തിരുന്നതായും വിശ്വസിക്കുന്നു. ഓച്ചിറ, കല്ലുപാറ, കായംകുളം, കോട്ടയം, തുമ്പമണ്‍, തോട്ടയ്ക്കാട്, പുതുപ്പള്ളി, പൂഞ്ഞാര്‍, പാലാ, മണര്‍ക്കാട്, വൈക്കം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് അര നൂറ്റാണ്ടിനു മുമ്പ് അനേകം കുടുംബങ്ങള്‍ വാഴൂരില്‍ സ്ഥലം വാങ്ങി സ്ഥിരതാമസമാക്കി. ദൂരെനിന്നും വന്ന പലര്‍ക്കും പലവക സഹായസഹകരണങ്ങളും പ്രോല്‍സാഹനങ്ങളും ഇന്നാട്ടിലെ ഔദാര്യനിധികളും സംസ്ക്കാരസമ്പന്നരുമായ സവര്‍ണ്ണ ഹിന്ദുക്കള്‍ ചെയ്തു കൊടുത്തു. കെ.കെ റോഡ് വെട്ടുന്നതിനു മുമ്പ് 3 അടി മാത്രം വീതിയുള്ള പാതയിലൂടെയാണ് ജനങ്ങള്‍ സഞ്ചരിച്ചിരുന്നത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന അക്കാലത്ത് സായിപ്പന്മാരും മദാമ്മമാരും കുതിരപ്പുറത്ത് ഈ വഴിയിലൂടെ സവാരി ചെയ്തിരുന്നു. ഹൈറേഞ്ചില്‍ യൂറോപ്യന്മാര് വന്‍കിടതോട്ടങ്ങള്‍ ഉണ്ടാക്കിയതോടെയാണ് കെ.കെ റോഡിന്റെ ആശയം ഉദിക്കുന്നത്. ആദ്യകാലത്ത് പോത്തുവണ്ടികളിലൂടെയായിരുന്നു കെ.കെ.റോഡിലൂടെയുള്ള ഗതാഗതം. വില്ലുവണ്ടികളും അപൂര്‍വ്വമായി കണ്ടിരുന്നു. കൊടുങ്ങൂര്‍ മണിമല റോഡ് ഉണ്ടാകുന്നതില്‍ മങ്ങാട്ട് ഗോവിന്ദപിള്ള വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്. റബ്ബര്‍, കാപ്പി എന്നീ കൃഷികള്‍ ബ്രിട്ടീഷുകാര്‍ പ്രോല്സാഹിപ്പിച്ചതോടെ കാര്‍ഷിക വ്യവസ്ഥക്ക് സാരമായ മാറ്റം വരാന്‍ തുടങ്ങി. ഹിന്ദുക്കളും, ക്രിസ്ത്യാനികളും, മുസ്ളീങ്ങളും ഏകോദര സഹോദരങ്ങളെപ്പോലെയാണ് ഈ നാട്ടില്‍ ജീവിക്കുന്നത്. സര്വ്വസമുദാ, മൈത്രിക്ക് പണ്ടുമുതല്ക്കേ പുകള്‍പെറ്റ പ്രദേശമാണ് വാഴൂര്‍. മലയാളത്തില്‍ ആദ്യം ബൈബിള്‍ വിവര്‍ത്തനം ചെയ്ത ചാത്തുമേനോന്റെ (പില്ക്കാലത്ത് ജോസഫ്ഫെന്‍) കുടുംബക്കാരില്‍ ഭൂരിപക്ഷം പേരും വാഴൂരാണ് വസിക്കുന്നത്. വാഴൂര്‍ ഗവണ്മെന്റ് പ്രസ്സിന്റെ ശിലാസ്ഥാപനം നടന്ന അവസരത്തില്‍ ഡി.സി.കിഴക്കേമുറി ബൈബിള്‍ വിവര്‍ത്തനം കൊണ്ട് ശ്രദ്ധേയനായ ചാത്തുമേനോന്റെ കുടുംബക്കാര് പാര്‍ക്കുന്ന ഈ സ്ഥലത്ത് പ്രസ്സ് ആരംഭിക്കുന്നത് സമുചിതമാണ് എന്ന് പ്രസ്താവിക്കുകയുണ്ടായി. ആജ്ഞാനകൂടാരം എന്ന ഭാഷാ ഗാനത്തിന്റെ കര്‍ത്താവും ചാത്തുമേനോന്‍ തന്നെ. മഹാകവി ഉള്ളൂരിന്റെ കേരള സാഹിത്യ ചരിത്രത്തിലും ഈ കാവ്യത്തെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. സാക്ഷരതയില്‍ ഈ പ്രദേശം മുന്നിട്ടു നില്ക്കുന്നു. തിരുവിതാകൂര്‍ സര്‍ക്കാരിന്റെ തപാല്‍ ഉരുപ്പടികള്‍ കൈകാര്യം ചെയ്തിരുന്ന അഞ്ചലാഫീസും ബ്രിട്ടീഷ് സര്‍ക്കാരിന്റെ പോസ്റ്റ് ഓഫീസും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ചരിത്രപ്രസിദ്ധമായ ദേവീക്ഷേത്രം വാഴൂരിന്റെ ഹൃദയ ഭാഗത്തായ കൊടുങ്ങൂരില്‍ സ്ഥിതി ചെയ്യുന്നു. മീനപ്പൂര മഹോല്‍സവം ഇവിടുത്തെ പ്രധാന ആഘോഷമാണ്. ശാസ്താംകാവ് ക്ഷേത്രവും പഞ്ചായത്തിലെ എണ്ണപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. ചാമംപതാലില്‍ മുസ്ളീങ്ങള്‍ക്ക് ഒരു പള്ളിയുണ്ട്. കലൂതെക്കേലും ഒരു ആരാധനാലയമുണ്ട്. വിവിധ ക്രൈസ്തവ ദേവാലയങ്ങളും പ്രാര്‍ത്ഥനാലയങ്ങളും വാഴൂരില്‍ പലഭാഗങ്ങളിലും കാണാം. അരനൂറ്റാണ്ടുകാലം ആതുരസേവന രംഗത്ത് മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ച ഏറ്റവും വലിയ സ്ഥാപനമാണ് തിരുവല്ല മെഡിക്കല്‍ മിഷന് ഹോസ്പിറ്റല്‍. വാഴൂരില്‍ 1944 സെപ്റ്റംബര്‍ 14-ാം തിയതി ചികിത്സാ സൌകര്യങ്ങള്‍ ലഭ്യമല്ലാതിരുന്ന ഈ നാട്ടില്‍ ആശുപത്രി ആരംഭിച്ചു. ചാമംപതാലില്‍ ആയുര്‍വ്വേദ ആശുപത്രി മറ്റൊരു ആതുരാലയമാണ്. ഇത് 1954-ല്‍ ആണ് ആരംഭിച്ചത്. പഞ്ചായത്തിലെ ബഹുഭൂരിപക്ഷം ആളുകളും കര്‍ഷകരും, കര്‍ഷക തൊഴിലാളികളുമാണ്. പ്രധാന കൃഷി റബ്ബറാണ്. നെല്ല്, തെങ്ങ്, വാഴ, ഇഞ്ചി, മഞ്ഞള്‍, കുരുമുളക് മുതലായ കൃഷികള്‍ ഇവിടെയുണ്ട്. ഏറെ സാംസ്കാരിക പൈതൃകം അവകാശപ്പെടാവുന്ന നാടാണ് വാഴൂര്‍. ”ഐശ്വര്യത്തിന്റെ നാട്” അല്ലെങ്കില്‍ ”അനുഗ്രഹത്തിന്റെ നാട്” എന്ന അര്‍ത്ഥമാണ് വാഴൂര്‍ എന്ന സ്ഥലനാമത്തിന് പിന്നിലുള്ളത്. നാനാജാതി മതസ്ഥര്‍ ഒത്തൊരുമയോടെ കഴിയുന്ന ഒരു പ്രദേശമാണ് വാഴൂര്‍. ഏഴുനൂറ്റാണ്ടുകള്ക്കുമുമ്പ് നിലയ്ക്കല്‍ പ്രദേശത്തുനിന്ന് ഇവിടേക്ക് കുടിയേറ്റം ഉണ്ടായി. കരിമ്പും, മുതിരയും, വരകും കൃഷിചെയ്തു ജീവിച്ചുപോന്ന ഈ നാട്ടുകാര്‍ ഒന്നരനൂറ്റാണ്ടിനു മുമ്പ് മുതല്‍ തമിഴ്നാടുമായി കച്ചവടബന്ധം സ്ഥാപിച്ചിരുന്നു. അതിനായി കണ്ടെത്തിയ ഊടുവഴിയാണ് ഇപ്പോഴത്തെ കെ.കെ റോഡ്. രാഷ്ട്രീയ ഭരണരംഗങ്ങളില്‍ വാഴൂരിന്റെ അഭിമാന ഭാജനങ്ങള്‍ നിരവധി പേരുണ്ട്. കേരള രാഷ്ട്രീയത്തിലെ അതികായനായ സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന പി.റ്റി.ചാക്കോയുടെ ജന്മദേശം വാഴൂരാണ്. മതംമാറി ജോസഫ്ഫെന്‍ എന്ന പേര് സ്വീകരിച്ച ചാത്തുമേനോന്‍ വാഴൂരിന് മറക്കാന്‍ കഴിയാത്ത വ്യക്തിയായിരുന്നു. ബൈബിളിന് ആദ്യമായി മലയാള പരിഭാഷ എഴുതിയത് അദ്ദേഹമാണ്. ജോസഫ്ഫെന്റെ ആജ്ഞാനകൂടാരം എന്ന കൃതിയെപ്പറ്റി ഉള്ളൂരിന്റെ കേരളസാഹിത്യ ചരിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. വാഴൂരില്‍ ഗ്രന്ഥശാലകളും, വായനശാലകളും പ്രവര്‍ത്തിക്കുന്നുണ്ട്. ചട്ടമ്പിസ്വാമികളുടെ ശിഷ്യനായിരുന്ന തീര്തഥപാദസ്വാമികളാല് സ്ഥാപിതമായ തീര്‍ത്ഥപാദാശ്രമം ഈ പഞ്ചായത്തിലാണ്. ആശ്രമം സ്ഥിതിചെയ്യുന്ന പ്രദേശത്തിന് തീര്ത്ഥപാദപൂരമെന്നും പേര് പറയുന്നു. ആശ്രമത്തോട് ചേര്‍ന്ന് ശിവക്ഷേത്രവും സുബ്രഹ്മണ്യക്ഷേത്രവും ഉണ്ട്. കുട്ടികളുടെ കലാപരമായ വാസനകളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി, കൊടുങ്ങൂര്‍ ദേവീക്ഷേത്രത്തിനോട് ചേര്‍ന്ന് യുവപ്രതിഭ ക്ളബ്ബ് പ്രവര്‍ത്തിക്കുന്നു. എല്ലാ മതത്തിലുംപെട്ട ആരാധനാലയങ്ങള്‍ ഇവിടെ ഉണ്ട്. മുസ്ളീം ദേവാലയവും ഇവിടെയുണ്ട്. കൊടുങ്ങൂര്‍ ദേവീക്ഷേത്രത്തിലെ പൂരം, പുളിക്കല്‍ കവലയിലുള്ള സെന്റ് പീറ്റേഴ്സ് ദേവാലയത്തിലെ പെരുനാള് എന്നിവ വളരെ പ്രസിദ്ധമാണ്. ഒരു മാസം നീണ്ടുനില്‍ക്കുന്ന പെരുന്നാളിന് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ജാതിമതഭേദമെന്യേ ആളുകള്‍ പങ്കെടുക്കാറുണ്ട്. ആന്ധ്ര, കര്‍ണ്ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമലക്കുള്ള തീര്‍ത്ഥാടകര്‍ ഈ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ താവളമടിക്കുക പതിവാണ്. കേരളത്തിലെ പ്രാചീന ആരാധനാ കേന്ദ്രങ്ങളും പ്രകൃതി സംരക്ഷണത്തിന്റെ പ്രതീകങ്ങളുമായിരുന്ന കാവുകള്‍ ഇന്നും വാഴൂരിന്റെ പലഭാഗത്തും കാണാം. ഒരു പഞ്ചായത്ത് പബ്ളിക് ലൈബ്രറി കൊടങ്ങൂരില് പ്രവര്‍ത്തിക്കുന്നുണ്ട്. വാഴൂര്‍ പഞ്ചായത്തിലെ ആദ്യത്തെ ഗ്രന്ഥശാല കുന്നുകുഴിയില്‍ 1949-ല്‍ പി.റ്റി.ചാക്കോയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചതാണ്. നല്ല ഒരു വായനക്കാരനായിരുന്ന അദ്ദേഹമാണ് കോട്ടയത്തെ എന്‍.ബി.എസ് സ്ഥാപിക്കുന്നതിന് നേതൃത്വം കൊടുത്തത്. അദ്ദേഹത്തിന്റെ മരണശേഷം 1965 ആഗസ്റ്റ് 1-ാം തിയതി റെജി നമ്പര്‍ കെ.10/65 ആയി പി.ടി.ചാക്കോ മെമ്മോറിയല്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബ് ചാമംപതാലില്‍ പ്രവര്‍ത്തിച്ചുവരുന്നു.